National
ന്യൂഡൽഹി: ആൾമാറാട്ടവും സൈബർ തട്ടിപ്പുമായും ബന്ധപ്പെട്ട് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി സിബിസിഐ അധ്യക്ഷനും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. തന്റെ ഫോട്ടോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി അജ്ഞാതർ പൊതുജനങ്ങളിൽനിന്നു പണം തട്ടാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
താനാണെന്ന തെറ്റായ അവകാശവാദം ഉന്നയിച്ച് അജ്ഞാതരായ തട്ടിപ്പുകാർ പുരോഹിതരെയും മത-രാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും സമീപിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആർച്ച്ബിഷപ്പിന്റെ പരാതിയിൽ പറയുന്നു.
ചില സന്ദർഭങ്ങളിൽ തന്റെ ഫോട്ടോയുപയോഗിച്ച് വ്യത്യസ്ത പേരുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുക. സിബിസിഐയുമായി ബന്ധപ്പെട്ട ഓഫീസുകളുടെ തലവന്മാരാണെന്നോ സിബിസിഐ സെക്രട്ടറി ജനറലാണെന്നോ തെറ്റായി അവകാശപ്പെട്ടും തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
പണം തട്ടാനായി തട്ടിപ്പുകാർ വിവിധ രീതിയിലുള്ള ആശയവിനിമയങ്ങളാണ് നടത്തിയിട്ടുള്ളത്. ചിലയിടങ്ങളിൽ മറുതലയ്ക്കലുള്ളവരുടെ ഫോണുകളിൽ വന്ന ഒടിപി നന്പറുകൾ പങ്കുവയ്ക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു ചില സന്ദർഭങ്ങളിൽ സിബിസിഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന ഓണ്ലൈൻ വീഡിയോ കോണ്ഫറൻസിൽ പങ്കെടുക്കാനുള്ള ലിങ്കുകൾ തട്ടിപ്പുകാർ പങ്കുവച്ചിട്ടുണ്ട്.
താനോ തന്റെ ഓഫീസോ സിബിസിഐയുടെ അംഗീകൃത ഓഫീസുകളോ ഇത്തരം കോളുകൾ, സന്ദേശങ്ങൾ, വീഡിയോ കോണ്ഫറൻസ് ലിങ്കുകൾ, സാന്പത്തികസഹായ അഭ്യർഥനകൾ എന്നിവ പുറപ്പെടുവിച്ചിട്ടില്ലെന്നും അംഗീകാരം നൽകിയിട്ടില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
Kerala
മുളയം (തൃശൂർ): ഇന്ത്യയിലെ ക്രൈസ്തവമതത്തെ വിദേശ മതമായി കാണേണ്ടതില്ലെന്നു സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവസഭ ഇന്ന് അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഏതു മതത്തിലും വിശ്വസിക്കാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവമതം വിദേശ മതമാണെന്നു മുദ്രകുത്തി പുറത്താക്കാനാണ് ശ്രമം നടക്കുന്നത്. വിവിധ ക്രൈസ്തവ സഭകളുടെ ഐക്യം ഇക്കാലഘട്ടത്തിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭൈക്യവാരത്തോടനുബന്ധിച്ച് തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ മുളയം മേജർ സെമിനാരിയിൽ വിവിധ ക്രൈസ്തവസഭാ പ്രതിനിധികളുടെ എക്യുമെനിക്കൽ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്. നിഖ്യ സൂനഹദോസിന്റെ 1700-ാമത് വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ വിവാദങ്ങൾക്കില്ലെന്നും മാർ താഴത്ത് പറഞ്ഞു.
കേരളത്തിൽ അവഗണന നേരിടുന്ന സമൂഹമായി ക്രൈസ്തവസഭ മാറിയിരിക്കുന്നുവെന്നും ക്രൈസ്തവസഭകളുടെ ഐക്യവും ഒന്നിച്ചുള്ള പോരാട്ടവും അനിവാര്യമാണെന്നും സംവാദത്തിൽ പങ്കെടുത്ത വിവിധ സഭാപ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ക്രൈസ്തവസഭകൾ നൽകിയ സംഭാവനകൾ തമസ്കരിക്കാൻ എഡ്യുക്കേഷൻ പോളിസി പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യൻ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു. പൊതുവായ പ്രശ്നങ്ങളിൽ ക്രൈസ്തവസഭയ്ക്ക് ഒരേ സ്വരം വേണം. ലഹരി, പരിസ്ഥിതിപ്രശ്നങ്ങൾ, ആഗോള വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണം. വർധിച്ചുവരുന്ന വർഗീയതയ്ക്കും ഭീകരതയ്ക്കുമെതിരേ സഭകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ആവശ്യമുയർന്നു.
തൊഴിയൂർ സ്വതന്ത്ര സുറിയാനിസഭാ അധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിഷപ് എമെരിറ്റസ് മാർ ബോസ്കോ പുത്തൂർ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, യാക്കോബായസഭാ തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത, സീറോമലബാർ സഭാ ഗൾഫ് വിസിറ്റർ മോൺ. ജോളി വടക്കൻ, കൽദായ സുറിയാനി സഭാ വികാരി ജനറാൾ ഫാ. ജോസ് വേങ്ങശേരി, ഓർത്തഡോക്സ് സഭാ പ്രതിനിധി ഫാ. സ്റ്റീഫൻ ജോർജ്, സിഎസ്ഐ സഭാ പ്രതിനിധി റവ. ജോണ്സണ് ജോർജ് എന്നിവർ പ്രസംഗിച്ചു. തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോഷി വടക്കൻ പ്രമേയം അവതരിപ്പിച്ചു.
Kerala
തൃശൂർ: കേരളത്തിൽ ജയിലറകളിലെ കുറ്റവാളികളോടു കാട്ടുന്ന പരിഗണനപോലും അധ്യാപകസമൂഹത്തിനു സർക്കാർ നൽകുന്നില്ലെന്നു സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോർപറേഷൻ ഓഫീസ് പരിസരത്തു സംഘടിപ്പിച്ച ചതുർദിന പ്രതിഷേധസദസിന്റെ രണ്ടാംദിന സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികൾക്ക് അധികവേതനം നൽകുന്പോൾ അധ്യാപകർ പട്ടിണിയിലാണ്. അധ്യാപകരുടെ ന്യായമായ സമരത്തെ കത്തോലിക്കാ മെത്രാൻ സമിതി പിന്തുണയ്ക്കുന്നു. ആവശ്യമെങ്കിൽ തുടർസമരത്തിനു തയാറാകുമെന്നും മാർ താഴത്ത് പറഞ്ഞു.
നിയമനാംഗീകാരം ലഭിക്കാത്ത കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള അധ്യാപകർ പട്ടിണിക്കഞ്ഞിവച്ച് പ്രതിഷേധിച്ചു. മൂന്നാംദിനമായ ഇന്നു പ്രതീകാത്മക ഭിക്ഷാടനസമരം നടക്കും.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ ടോം മാത്യു, സംസ്ഥാനസെക്രട്ടറി ജി. ബിജു, ജോഷി വടക്കൻ, എ.ഡി. സാജു, എൻ.പി. ജാക്സണ്, ബിജു ആന്റണി, ജെലിപ്സ് പോൾ, ജോഫി മഞ്ഞളി, ബിൻസി കാരേക്കാട്ട്, ഹെൽന തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തൃശൂർ: ക്രിസ്മസ് ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരേ തീവ്രവാദ മനോഭാവത്തോടെ നടന്ന അതിക്രമങ്ങൾ വേദനാജനകമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
വിദേശ മതമെന്നു പറഞ്ഞ് ക്രിസ്തുമതത്തെ വേട്ടയാടുന്നതെന്തിനാണ്? ക്രിസ്തുമതം ഭാരതത്തിന്റെകൂടി മതമാണ്. അതിനു കൃത്യവും വ്യക്തമായതുമായ ചരിത്രമുണ്ടെന്ന് മാർ താഴത്ത് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിന് എതിരാണു ക്രിസ്തുമതം. യഥാർഥത്തിൽ ഇവിടെ മതപരിവർത്തനം നടന്നിരുന്നെങ്കിൽ ക്രൈസ്തവരുടെ എണ്ണം കുറയില്ലായിരുന്നു. ഈ ദിവസങ്ങളിൽ നടന്ന അതിക്രമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് ഭരണകർത്താക്കൾ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതെല്ലാം തീവ്രവാദികൾ നടത്തുന്നതാണെന്നു പറഞ്ഞ് ഭരണകർത്താക്കൾ പാലിക്കുന്ന മൗനവും നിഷ്ക്രിയത്വവും ഭാരതത്തിന്റെ ആത്മാവിനും ഭരണഘടനയ്ക്കും എതിരാണ്.
സ്നേഹത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും മാർഗം മാത്രം സ്വീകരിക്കുന്ന കൈസ്ത്രവ മതം തന്നെയാണ് രാഷ്ട്രനിർമിതിയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത്. ഇതു മറക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരം മറക്കലും മൗനവുമാണു തീവ്രവാദികൾ എന്നു പറയുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും.
എന്നാൽ, ഇതിന്റെ പേരിൽ രാഷ്ട്രനിർമിതിയിൽ പങ്കാളികളാകാതെ മാറിനിൽക്കില്ലെന്നും ക്രിസ്മസ് ആഘോഷങ്ങൾക്കുനേരേ ഉണ്ടായ അതിക്രമങ്ങൾക്കെതിരേ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കാക്കനാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുള്ള സീറോമലബാർ സമുദായാംഗങ്ങളെല്ലാവരും തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
വോട്ട് ഓരോ പൗരന്റെയും അവകാശമാണ്. അതേസമയം, ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരുകയെന്നത് പൗരന്റെ കടമയും ഉത്തരവാദിത്വവുമാണെന്നും കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വോട്ട് ചെയ്യുമ്പോൾ എല്ലാ ജനവിഭാഗങ്ങളുടെയും സംരക്ഷണത്തോടൊപ്പംതന്നെ കേരള ക്രൈസ്തവ സമുദായത്തിന്റെ അതിജീവനത്തെയും നിലനിൽപ്പിനെയുംകുറിച്ചുള്ള ചിന്തകളും എല്ലാവരുടെയും മനസിലുണ്ടാകണം.
നമ്മുടെ നാടിന്റെ മതേതര സ്വഭാവം, മതസ്വാതന്ത്ര്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ കാത്തുസൂക്ഷിക്കുന്നതും എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെയും സമഗ്രമായ അഭിവൃദ്ധി ലക്ഷ്യംവയ്ക്കുന്നതും ഇവിടത്തെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്നതും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതുമായ ഒരു രാഷ്ട്രീയ സമീപനമാണ് മുന്നണികളിൽനിന്ന് സീറോമലബാർ സമുദായം പ്രതീക്ഷിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ പ്രാദേശിക വികസനപ്രക്രിയയുടെ കടിഞ്ഞാൺ വഹിക്കുന്നു. അതിനാൽ ശ്രദ്ധാപൂർവമായ വിലയിരുത്തലുകൾ നടത്തി, കക്ഷി-രാഷ്ട്രീയ ചിന്തകൾക്കതീതമായി വികസനപ്രക്രിയയിൽ തത്പരരും ക്രിയാത്മകമായ കർമപദ്ധതികൾ ആവിഷ്കരിക്കാൻ കഴിവുള്ളവരുമായവരെയാകണം തെരഞ്ഞെടുക്കേണ്ടത്.
ധാർമികതയും ആദർശശുദ്ധിയും പുലർത്തുന്നവരും സമുദായത്തിന്റെ നിലനിൽപ്പിനായുള്ള മുറവിളികളെ ശ്രവിക്കാൻ സന്നദ്ധതയുള്ളവരുമായ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തെരഞ്ഞെടുക്കാൻ സമുദായാംഗങ്ങൾ ജാഗ്രത പുലർത്തണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ നിർദേശിച്ചു.
Kerala
കൊച്ചി: സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഇഡബ്ല്യുഎസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം വരുത്തുന്ന സാഹചര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ സംസ്ഥാന മുന്നാക്ക കമ്മീഷനു സാധിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
മുന്നാക്ക കമ്മീഷൻ അംഗമായി നിയമിതനായ സെബാസ്റ്റ്യൻ ചൂണ്ടലിനെ അഭിനന്ദിക്കുന്നതിനായി കമ്മീഷൻ തൃശൂർ അതിരൂപത ആസ്ഥാനത്തു വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറു വർഷമായി ഇഡബ്ല്യുഎസ് സംവരണം നടപ്പിൽവരുത്തിയിട്ടും ഇപ്പോഴും അർഹതപ്പെട്ടവർക്കു യഥാസമയം സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി കേരളത്തിൽ പരക്കേയുണ്ട്.
സാധാരണക്കാരന്റെ കണ്ണീരൊപ്പാൻ മുന്നാക്ക ക്ഷേമ കമ്മീഷൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ പറഞ്ഞു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത ഡയറക്ടർ ഫാ. സബിൻ തുമുള്ളിൽ, തൃശൂർ അതിരൂപത പിആർഒ ഫാ. സിംസൺ ചിറമ്മേൽ, കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആന്റണി ആറിൽചിറ ചമ്പക്കുളം, കത്തോലിക്ക കോൺഗ്രസ് തൃശൂർ അതിരൂപത ട്രഷറർ റോണി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.